2013, സെപ്റ്റംബർ 20, വെള്ളിയാഴ്‌ച

ദൈവത്തിന് മാത്രം കേള്‍ക്കാവുന്ന സ്വരം

ഇറച്ചിക്കോഴി വില്പനക്കാരന്‍ അന്ത്രുമാന്‍ ‍ കോഴിയുടെ കഴുത്തില്‍ ബിസ്മി ചൊല്ലി കത്തിവെക്കുമ്പോള്‍ ‍ ചെയ്യുന്ന പാപം മുഴുവനും ഒലിച്ചുപോയിട്ടും ബാപ്പയായില്ല..... ബീബി കുഞ്ഞാമിന അന്ത്രുവിന്‍റെ ജീവിതത്തില്‍ കൂടുകൂട്ടിയിട്ടു വര്‍ഷങ്ങള്‍ കടന്നുപോയി .....ചങ്ങാതിമാരുടെ ഭാര്യമാര്‍ എല്ലാവരും പ്രസവിച്ചപ്പോഴും കുഞ്ഞാമിന അന്ത്രുമാന്‍റെ നെഞ്ചില്‍ ‍ പല രാത്രിയിലും സങ്കടത്തിന്‍റെ പുഴ ഒഴുക്കി കരഞ്ഞു തീര്‍‍ത്തു ....വള്ളുവന്‍ കടവ് പുഴ അന്ത്രുമാന്റെ കോഴിക്കടയിലെ അവശിഷ്ടങ്ങള്‍ ‍ എല്ലാ ദിവസവും സ്വീകരിച്ചു ശാന്തമായി പിന്നെയും ഒഴുകിക്കൊണ്ടിരുന്നു ......
കാട്ടിലെ പള്ളിയിലെ മൂന്നുപെറ്റുമ്മക്ക് മുണ്ട് കൊടുത്തതുകൊണ്ടോ ....വളപട്ടണത്തെ ബീരാന്‍ തങ്ങളുടെ മന്ത്രിച്ച ദിവ്യ ജലം സേവിച്ചതു കൊണ്ടോ അവസാനം കുഞ്ഞാമിനയുടെ എല്ലാ കുളിയും തെറ്റി.....ബെഡ്റെസ്റ്റ് എന്ന പേടിയില്‍ കുഞ്ഞാമിന ഒന്‍ പതു മാസം കിടന്നു " ഒരു പെണ്കുഞ്ഞിനെ പ്രസവിച്ചു.........
അന്ത്രുമാന്‍ ഇറച്ചിക്കോഴിക്ക് കിലോവിനു ഒരു രൂപ കുറച്ച്‌ എല്ലാവരോടും നന്ദി പ്രകാശിപ്പിച്ചു .....
കുഞാമിനയുടെ കുഞ്ഞിനെ കാണാന്‍ ബന്ധുക്കള്‍ വീട് അടച്ചുപൂട്ടി മാരുതിക്കാറില്‍ വന്നിറങ്ങി ....കോഴി ബിരിയാണി കൊടുത്തു കുഞ്ഞാമിന എല്ലാവരെയും സല്‍ക്കരിച്ചു.....കുഞ്ഞിമിനായുടെ കുഞ്ഞിന്‍റെ കൈയ്യില്‍ ‍ വളകളും, മോതിരവും നിറഞ്ഞു ...... കുഞ്ഞിനെ കാണാന്‍ ‍ വരുന്ന ബന്ധുക്കള്‍ക്ക് അസൂയ ഉണ്ടാക്കുവാന്‍ തറ കുത്തിപ്പൊളിച്ച് ഗ്രാനൈറ്റ് ഇട്ടു....ചുമരിനു പുതിയ ചായം പൂശി ...വീട്ടില്‍ വെയ്സ്റ്റ് കുന്നുകൂടി ...
ഇറച്ചിക്കടയിലെ കോഴിവെയ്സ്റ്റ് വള്ളുവ‍ന്‍ കടവ് പുഴയില്‍ തള്ളാന്‍ ഓട്ടോ റിക്ഷയില്‍ കയറ്റുന്ന എ മജീദിനോട്‌ ഞമ്മടെ പൊരയിലൂണ്ടു കുറച്ചു വെയ്സ്റ്റ് പോന്ന ബൈക്ക് നീ അത് കൂടി എടുത്തു വണ്ടീലിട്ടു പോയേല് തള്ളിക്കൊളീ... എന്ന് അന്ത്രുമാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ നിങ്ങളെ പീടികേലെ പണിക്കരനാണ് അല്ലാതെ പൊരേലെ അല്ല എന്ന് വര്‍ഗ്ഗബോധമുള്ള ‍ മജീദ്‌ പറഞ്ഞില്ലെങ്കിലും മനസ്സില്‍ സ്വയം പ്രാകി ...
അന്ത്രുമാന്‍റെ വീട്ടില്‍ മജീദ്‌ എത്തുമ്പോള്‍ ‍ K.S.E.B പവര്‍കട്ട് ഏര്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു .
കുഞാമിനയോടു വിവരം പറഞ്ഞു മജീദ്‌ അകത്തുകയറി ... അടുക്കളയിലെ ഇരുട്ടില്‍ നിന്നും കുഞ്ഞാമിന വെയ്സ്റ്റ് എവിടെയൊക്കെയാണ് ഉള്ളതെന്ന് മജീദിനോട്‌ പറഞ്ഞുകൊണ്ടേ ഇരുന്നു.. എമര്‍ജന്‍സി ലൈറ്റിന്‍റെ മങ്ങിയ വെളിച്ചത്തില്‍ കയ്യില്‍ ‍ കിട്ടിയതുമുഴുവന്‍ വെയ്സ്റ്റാനെന്നു കരുതി എല്ലാം എടുത്തു ഓട്ടോറിക്ഷയില്‍ കോഴി വെയ്സ്ട്ററിനോടൊപ്പം ഇട്ടു.... വള്ളുവന്‍ കടവ് പുഴക്കരയിലേക്ക് മജീദ്‌ യാത്രയായി....
നിലാവില്‍ കുളിച്ചുകിടക്കുന്ന വള്ളുവന്‍ ‍കടവ് പുഴയില്‍ ഓട്ടോ റിക്ഷയിലെ വെയ്സ്റ്റ് മുഴുവന്‍ മജീദ്‌ വലിച്ചെറിഞ്ഞു ...
അപ്പോള്‍ അന്ത്രുമാന്‍റെ വീട്ടില്‍ കുഞ്ഞാമിന എന്‍റെ മോളെ എന്ന് നിലവിളിക്കുകയായിരുന്നു..... വള്ളുവന്‍ ‍കടവ് പുഴയുടെ ആഴങ്ങളില്‍ ‍നിന്നും ആരോ ആ സമയത്ത് ദൈവത്തിന് മാത്രം കേള്‍ക്കാവുന്ന സ്വരത്തില്‍ ഉമ്മാ......എന്ന് വിളിച്ചു കരയുന്നുണ്ടായിരുന്നു .
.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ